ഭാരതമെന്ന ചിന്തയില്‍ മനസ്സില്‍ ആദ്യം ഉയര്‍ന്നുവരുന്ന ചിത്രം ഹിമാലയത്തിന്റേതാണ്. വടക്ക് ഹിമാലയം മുതല്‍ തെക്ക് ഹിന്ദുമഹാസമുദ്രം വരെ പരന്നുകിടക്കുന്ന ഭൂമി. 7516.6 കി.മീറ്റര്‍ സമുദ്രാതിര്‍ത്തിയും 15106.7 കി.മീറ്റര്‍ കരഅതിര്ത്തിയുമുള്ള ഭൂപ്രദേശം. ഹിന്ദുമഹാസമുദ്രത്തിന് പുറമെ സിന്ധുസാഗരവും (അറബിക്കടല്‍) ഗംഗാസാഗരവും (ബംഗാള്‍ ഉള്‍ക്കടല്‍) ഒരുവശത്ത്. മറുവശത്ത് ബംഗ്ലാദേശ്, തിബത്ത്, ചൈന, പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന്റെ ഒരു ചെറിയഭാഗം, നേപ്പാള്‍, മ്യാന്മര്, ഭൂട്ടാന് എന്നീ രാജ്യങ്ങള്‍. വിസ്തൃതമായ ഈ അതിര്‍ത്തി സംരക്ഷിക്കുക എന്നത് ശ്രമകരമായ കാര്യമാണ്.
അതിര്‍ത്തികള്‍ അമ്മയുടെ ഉടുവസ്ത്രംപോലെയാണ് എന്നാണ് കുരുക്ഷേത്രഭൂമിയില്‍ ശരശയ്യയില്‍ കിടന്നുകൊണ്ട് ഭീഷ്മപിതാമഹന് അടുത്ത രാജാവായ യുധിഷ്ഠിരന് രാജധര്‍മം ഉപദേശിക്കുമ്പോള്‍ പറഞ്ഞുകൊടുത്തത്. രാജ്യപാലകന്റെ ധര്‍മങ്ങളില്‍ സുപ്രധാനമായ ഒന്നാണ് അതിര്‍ത്തി സംരക്ഷണമെന്ന് ചാണക്യന് അര്‍ഥശാസ്ത്രത്തില്‍ വിശദമാക്കുന്നുണ്ട്. 2012 നവംബര്‍ 19-23 തീയതികളില്‍ ഭാരതത്തിന്റെ കരഅതിര്ത്തികളിലേക്ക് ഫോറം ഫോര്‍ ഇന്റഗ്രേറ്റഡ് നാഷണല്‍ സെക്യൂരിറ്റി എന്ന ദേശരക്ഷക്കായുള്ള സന്നദ്ധസംഘടനയുടെ ആഭിമുഖ്യത്തിലും പതിനായിരത്തിലേറെ പേര് പങ്കെടുത്തതുമായ 'അതിര്‍ത്തി വന്ദനം' (സര്‍ഹദ് കോ പ്രണാം) പരിപാടി നമ്മുടെ അതിര്‍ത്തി പ്രദേശങ്ങളുടെ അവസ്ഥയെക്കുറിച്ചുള്ള ബോധവല്ക്കരണശ്രമമായിരുന്നു. ശരീരത്തിന് ത്വക് എന്ന പോലെയാണ് രാജ്യത്തിന് അതിര്‍ത്തി.